മഴ: തീരപ്രദേശങ്ങളില്‍  വെള്ളക്കെട്ട് തുടരുന്നു 

പൂവാര്‍: മഴയെതുടര്‍ന്ന് തീരപ്രദേശങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് തുടരുന്നു. കരുകുളത്ത് ഒരു വീട് പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും തകര്‍ന്നു. കരുംകുളം സ്വദേശി മിഖായേലിന്‍െറ  വീടാണ് പൂര്‍ണമായും തകര്‍ന്നത്. സമീപത്തെ ജോര്‍ജ്, വര്‍ഗീസ് മര്യദാസി എന്നിവരുടെ വീടുകളുടെ ഒരുഭാഗവും തകര്‍ന്നിട്ടുണ്ട്. 
വെള്ളം കെട്ടിക്കിടന്ന് കരുംകുളം മുതല്‍ അടിമലത്തുറ വരെ നൂറുകണക്കിന് വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. കരുംകുളത്തെ വെള്ളക്കെട്ടില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായിട്ടുണ്ട്. ഇവിടെ വീടുകള്‍ക്ക് ചുറ്റും ക്രമാതീതമായി വെള്ളം നിറഞ്ഞിട്ടുണ്ട്. അതിനാല്‍ പല കുടുംബങ്ങള്‍ക്കും വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കൊച്ചുപള്ളി, കരുംകുളം, പുല്ലുവിള, പള്ളം, പുതിയതുറ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചുതുറ ഗ്രൗണ്ട് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പലയിടത്തും വീട്ടുകാര്‍ സ്വന്തം നിലക്ക് വെള്ളം കോരിക്കളയാന്‍ ശ്രമങ്ങളും നടക്കുന്നു. പൂവാര്‍, നെയ്യാറ്റിന്‍കര, പാറശ്ശാല തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്ന് പമ്പുകള്‍ എത്തിച്ചാണ് വെള്ളം ഒഴുക്കിക്കളയുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനം കാരണം പമ്പുകള്‍ കേടാകുന്നതും വെള്ളം ഒഴുക്കിക്കളയുന്നതിന് തടസ്സമാകുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.